Sunday, July 15, 2012

ദൈവത്തിനു ചൂണ്ട ഇടുന്നു!


ദൈവവുമായി ചില ധാരണകള്‍ ഉണ്ടാക്കാന്‍ ഞാന്‍‍ നടത്തിയ ശ്രമങ്ങളെ പറ്റി ഇതിനു മുന്‍പ് എഴുതിയിരുന്നു; അവയൊന്നും വിജയിച്ചില്ലെന്നും. ഈ ശ്രമങ്ങള്‍ പരാജയപ്പെടാനുള്ള ചില കാരണങ്ങളും പറഞ്ഞിരുന്നു. ഇപ്പോള്‍ തോന്നുന്നു വേറൊരു കാരണം കൂടി ഉണ്ടായിരുന്നു എന്ന്.

കാരണം ലളിതം ആണ്. ഈ ശ്രമങ്ങള്‍ ഒരു തരത്തില്‍ ദൈവത്തിനു ചൂണ്ട ഇടാനുള്ള പരിപാടികള്‍ ആയിരുന്നു. ശ്രമങ്ങളുടെ അടിസ്ഥാന ഭാവം ഇതായിരുന്നു : "ദൈവമേ ഞാന്‍ ഇതു ചൈയ്യാം, പകരമായി നീ അത് ചെയ്യേണമേ", അല്ലെങ്ങില്‍ "ദൈവമേ ഞാന്‍ ഈ നല്ല കാര്യം ചെയ്തിരിക്കുന്നു പകരമായി ഞാന്‍ അത് പ്രതീക്ഷിക്കുന്നു". വലിയ മീനിനെ പിടിക്കാന്‍ ചെറിയ ഇര ഇട്ടു കൊടുക്കുനതു പോലെ!

ദൈവം ചൂണ്ടയില്‍ വീണില്ല. ദൈവത്തിന്നു സ്തോത്രം!

പിന്നെ തോന്നി - ഈ പ്രശ്‌നം കുറച്ചുകൂടി വ്യാപകം ആണെന്ന്. നമ്മുടെ പല പ്രാര്‍ത്ഥനകളും നേര്‍ച്ചകളും ഇത്തരത്തില്‍ ഉള്ളവ ആല്ലേ?

ഞാന്‍ ദൈവത്തോട് പറഞ്ഞു "ചൂണ്ട ഇടാന്‍ ശ്രമിച്ചത് ക്ഷമിക്കേണമേ". ദൈവം പറഞ്ഞു "ഞാന്‍ ചൂണ്ടകളില്‍ വീഴുന്ന ദൈവമല്ല. ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട് - ചൂണ്ട ഇടുമ്പോള്‍ എങ്കിലും നീ എന്നെപറ്റി ചിന്തിച്ചല്ലോ. എന്നെക്കുറിച്ച് ചിന്തിക്കുവാന്‍ ചൂണ്ട ഇടീല്‍ നിനക്ക് അവശ്യം എങ്കില്‍ എത്ര വേണമെങ്കിലും ചൂണ്ട ഇട്ടുകൊള്ളൂ. ഞാന്‍ വീഴാതെ നോക്കിക്കോളാം."

ചൂണ്ട ഇടുക, ചിന്തിക്കുക. ചൂണ്ട ഇല്ലാതെ ദൈവത്തെ ധ്യാനിക്കുവാന്‍ കഴിയുന്നത്‌ വരെ.

ഹോമയാഗങ്ങഴെക്കാള്‍ ദൈവപരിജ്ഞാനത്തില്‍ ഞാന്‍ പ്രസാദിക്കുന്നു (ഹോശേയ 6:6)

"I want you to show love, not offer sacrifices. I want you to know me more than I want burnt offerings" (Hosea 6:6)

No comments: